ആനപ്പിണ്ടത്തിൽ നിന്ന് ഡെസേർട്ട്; വില 45,000 രൂപ.. വിളമ്പുന്നത് ഏത് രാജ്യത്തെന്ന് ഊഹിക്കാമോ?..

വളരെ വ്യത്യസ്തമായ വിഭവങ്ങൾ വിളമ്പുന്നതിൽ പ്രശസ്തരാണ് ചൈനക്കാർ. മറ്റ് പല രാജ്യക്കാരും കഴിക്കാൻ ഭയപ്പെടുന്ന ജീവികൾവരെ ചൈനയിൽ രുചിയേറിയ വിഭവങ്ങളായി മാറാറുണ്ട്. ഇപ്പോഴിതാ പലരും നെറ്റിചുളിക്കുന്ന ഒരു വസ്തുവാണ് ചൈനീസ് വിഭവങ്ങളിൽ ട്രെൻഡിംഗിലാവുന്നത്.

ചൈനയിലെ ഷാംഗ്‌ഹായിലെ ഒരു റസ്റ്റോറന്റിൽ വിളമ്പുന്ന ആനപ്പിണ്ടം കൊണ്ടുള്ള ഡെസേർട്ടിന് ആരാധകർ ഏറുകയാണ്. മഴക്കാടുകളുടെ പ്രമേയത്തിലുള്ള ഭക്ഷണങ്ങളിൽ മരത്തിന്റെ ഇലകളും ഉൾപ്പെടുന്നു. ആനപ്പിണ്ട ഡെസേർട്ട് അടക്കമുള്ള 15 കോഴ്‌സ് മീലിന് 3,888 യോൺ (45,236 രൂപ) ആണ് വില. പാനീയങ്ങൾ ഉൾപ്പെടാതെയാണിത്.

റെസ്റ്റോറന്റിന്റെ സ്ഥാപകർ ഏഴുവർഷം ഗവേഷം ചെയ്തതിനുശേഷമാണ് മഴക്കാടുകളുടെ പ്രമേയത്തിലെ വിഭവങ്ങൾ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അണുവിമുക്തമാക്കിയ ഉണങ്ങിയ ആനപ്പിണ്ടം മൊരിഞ്ഞ നുറുക്കുകളാക്കി മാറ്റി, ഹെർബൽ പെർഫ്യൂം, ഫ്രൂട്ട് ജാം, പൂമ്പൊടി, തേൻ സർബത്ത് എന്നിവ ചേർത്താണ് മധുര വിഭവം തയ്യാറാക്കുന്നത്.

അതേസമയം, വിഭവങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ വിഭവം അറപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ചിലർ കമന്റ് ചെയ്തു. സമ്പന്നർ എന്തും കഴിക്കും എന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ വിഭവങ്ങൾ തേടുന്നവർക്ക് പറ്റിയ സ്ഥലമാണിതെന്ന് കുറേപ്പേർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button