പോപ്പ് താരത്തെ അനുകരിച്ച് എല്ലാ മാസവും മുടി കളർ ചെയ്തു; 20 വയസുകാരിക്ക് സംഭവിച്ചത്…

മുടിയ്ക്ക് നിറങ്ങള്‍ നല്‍കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പ്രായഭേദമന്യേ മിക്ക ആളുകളും ഇത് ചെയ്യുന്നുണ്ട്. ചിലരാകട്ടെ ഒരു കളറിൽ ഒതുങ്ങാതെ പല കളറുകൾ മാറി മാറി ഇങ്ങനെ പരീക്ഷിക്കുകയും ചെയ്യും. മുടി കളർ ചെയ്യുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ വരൾച്ച, പൊട്ടൽ, തിളക്കം നഷ്ടപ്പെടൽ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മുടിക്ക് മാത്രമല്ല ശരീരത്തിലും അത് പ്രതികൂലമായി ബാധിച്ചേക്കാം. തൊലിപ്പുറത്തെ അലർജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഒക്കെ അപൂർവ്വമായി പലർക്കും ഉണ്ടാകാറുണ്ട്.
അത്തരത്തിലൊരു അനുഭവമാണ് ചൈനയിലുള്ള 20 വയസുകാരിയായ ഹുവ എന്ന് പേരുള്ള യുവതിക്ക് ഉണ്ടായത്. തനിക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയുടെ ഹെയർ സ്റ്റൈലുകൾ പിന്തുടർന്നാണ് യുവതി എല്ലാ മാസവും സലൂണുകളിൽ പോയിരുന്നത്. ഹുവ എല്ലാ മാസവും അവൾക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയുടെ ഹെയർ സ്റ്റൈലിനനുസരിച്ച് മുടി വെട്ടുകയും അത് കളർ ചെയ്യുകയും ചെയ്തിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഹുവയ്ക്ക് കാലുകളില്‍ ചുവന്ന പാടുകള്‍, സന്ധിവേദന, വയറുവേദന എന്നിവ അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സതേടി എത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹുവയ്ക്ക് വൃക്കതകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഹെനാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹുവയുടെ ഡോക്ടറായ താവോ ചെന്യാങ് പറയുന്നതനുസരിച്ച് ഹുവ എല്ലാമാസവും സലൂണുകളില്‍ പോയി മുടിയുടെ നിറം മാറ്റാറുണ്ടായിരുന്നു. ഹെയര്‍ഡൈയില്‍ വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് കാന്‍സര്‍ സാധ്യതയും വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. പല ഡൈകളിലും ലെഡ്, മെര്‍ക്കുറി എന്നിവ അടങ്ങിയിട്ടുണ്ടെന്നും അവ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഡോ. താവോ പറഞ്ഞു.
സെലിബ്രിറ്റി ട്രെന്‍ഡുകളോടുള്ള അമിതമായ അഭിനിവേശത്തെ വിമര്‍ശിച്ചുകൊണ്ട് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല പോപ്പ് താരങ്ങളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുണ്ട്. എന്നാൽ ഏത് സെലിബ്രിറ്റിയുടെ ഹെയര്‍ സ്റ്റൈലുകളാണ് യുവതി പിന്തുടർന്നതെന്ന് പുറത്തുവന്നിട്ടില്ല. പക്ഷേ ഭൂപ്രദേശത്തെ പ്രധാന സോഷ്യൽ മീഡിയയിൽ, കെ-പോപ്പ് ഐഡലുകൾ ഇടയ്ക്കിടെ മുടിയുടെ നിറം മാറ്റുന്നതിനെക്കുറിച്ചും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.



