മതസ്ഥാപനത്തിന് അംഗീകാരമില്ല; ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ രേഖകളില്ലാതെ കണ്ടെത്തിയ 21 കുട്ടികളെ…

പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ രേഖകളില്ലാതെ കണ്ടെത്തിയ 21 കുട്ടികളെ ബീഹാറിലേക്ക് മടക്കി അയച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ് തിരിച്ചയച്ചത്. ഇവരെ കൊണ്ടുവന്ന മതസ്ഥാപനത്തിന് ജെജെ ആക്ട് പ്രകാരം അംഗീകാരമില്ല എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കുട്ടികളെ തിരിച്ചയച്ചത്. ജനുവരി പത്തിനാണ് തിരിച്ചറിയൽ രേഖകളില്ലാതിരുന്ന 21 കുട്ടികളുമായി രണ്ട് ബിഹാർ സ്വദേശികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്.
ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോടുള്ള മതസ്ഥാപനത്തിലേക്ക് ആണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ളവരായിരുന്നു കുട്ടികൾ. മതിയായ രേഖകൾ കൂടാതെ ഇത്തരത്തിൽ കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചത് മനുഷ്യക്കടത്ത് ആണോ എന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം നടന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇവരെ തടഞ്ഞത്. കഴിഞ്ഞ ഒരു മാസമായി 21 കുട്ടികളും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിൽ താമസിച്ച് പഠിക്കാനായി കൊണ്ടുവന്ന കുട്ടികളാണ് ഇവരെന്ന് വ്യക്തമായതോടെ സ്ഥാപനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ജെജെ ആക്ട് പ്രകാരം അംഗീകാരമില്ലാത്ത ഒരു സ്ഥാപനമാണിതെന്ന് മനസിലായി. ഇതോടെയാണ് ഇവർക്ക് കുട്ടികളെ കൈമാറാതെ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചയച്ചത്.




