‘ആയമാരെ സസ്പെൻഡ്‌ ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ’…. ശിശുക്ഷേമ സമിതിയിൽ നടന്നത് കണ്ണില്ലാത്ത ക്രൂരത…

ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വച്ചു എന്നത് അതീവ ഗൗരവതരമാണ്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ എല്ലാ അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുത്. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.

ഇടതു ഭരണകാലത്ത് സിപിഎം നടപ്പാക്കിയ അമിത രാഷ്ട്രീയവത്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമതിയെ സര്‍ക്കാര്‍ മാറ്റി. ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിവരം അറിഞ്ഞപ്പോൾ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ​ഗോപി പറഞ്ഞു. കണ്ണിലെണ്ണ ഒഴിച്ചെന്ന് പോലെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഒരാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താൽകാലിക ജീവനക്കാരെ പിരിച്ച് വിട്ടതായും അരുൺ​ഗോപി അറിയിച്ചു. കുട്ടിയെ അപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിരിച്ചുവിട്ട ഏഴുപേരിൽ മൂന്ന് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. താത്ക്കാലിക കരാർ ജീവനക്കാരാണ് ഇവർ.

ക്രഷിൽവെച്ച് കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് ദേഹത്ത് മുറിവുകളുള്ളതായി ശ്രദ്ധയിൽപെട്ടത്. കുറ്റക്കാർക്കെതിരെ വളരെ കർക്കശമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പറഞ്ഞു. കുട്ടികള സംരക്ഷിക്കുന്ന കാര്യത്തിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാൻ പാടില്ല എന്ന് തന്നെയാണ് നിലപാട്. കുറ്റകൃത്യം ഇവിടം കൊണ്ട് അവസാനിപ്പിക്കുകയല്ല ചെയ്തത്. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് നിയമനടപടിയിലേക്ക് പോയതെന്നും അരുൺ ​ഗോപി വ്യക്തമാക്കി.

Related Articles

Back to top button