‘എനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു’…അരിത ബാബു

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് എംഎല്‍എയ്‌ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. എന്നാൽ തനിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് നടന്ന സൈബറാക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും അതിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനായതിലെ കാപട്യം ജനം തിരിച്ചറിയണമെന്നും അരിത ബാബു പറഞ്ഞു.
സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആര്‍ക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന തന്നെയാണിതെന്ന് അടിവരയിട്ട് പറയുന്നു. ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കാതെ, പറഞ്ഞുപോയ വാക്കുകളിലെ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമാണെന്നും അരിത കൂട്ടിച്ചേര്‍ത്തു.



