മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം..
വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
താൻ നടത്തിയത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ്, കളങ്കിതമായ പ്രവർത്തനം ഇല്ല. പലതും ഉള്ളാലെ ചിരിച്ച് വിടുകയാണ് പതിവ്. പത്ത് വർഷത്തിനിടെ അഭിമാനിക്കാൻ പല കാര്യങ്ങളും ഉണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതിന് തെളിവ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാൽ വിലപ്പോകുമോ? പൊതു ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബവും അതിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ ഡി സമൻസ് ലഭിച്ചു എന്ന് പറയുന്ന മകനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവന് അറിയില്ല. ജോലി, വീട് എന്ന് പറഞ്ഞ് ജീവിക്കുന്ന ആളാണ് വിവേക് കിരൺ. മകനെ കുറിച്ചോർത്ത് അഭിമാനം മാത്രമാണ്. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നിട്ടില്ല. സമൻസിനെ കുറിച്ച് ഒരു വിവരവും ഇല്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ല. രണ്ട് മക്കളെ കുറിച്ചും തനിക്ക് അഭിമാനം മാത്രമാണ് ഉള്ളത്- അദ്ദേഹം പറഞ്ഞു.