അമ്പലപ്പുഴയിൽ സുധാകരനെതിരെ മുഖ്യമന്ത്രി….

ആലപ്പുഴ: സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ പുന്നപ്ര വയലാറിന്റെ മണ്ണാണെന്നും അതിന് അതിൻ്റേതായ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാൻ അല്ല. അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു തരത്തിലുള്ള പോറലും ഏൽകില്ല. അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീണ് താഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ഇതുവരെ ഒരു വ്യതിയാനത്തിന്റെയും കൂടെ ഉണ്ടായിട്ടില്ല. വ്യതിയാനം ഉണ്ടായവർ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാടും നാട്ടുകാരും ശരിയായ വഴിക്ക് ഉറച്ചു നിന്നിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് ശ്രമിക്കുകയാണ്. യുഡിഎഫിൻ്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴ മണ്ഡലം. അവസരവാദ രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കണോ എന്ന് ജനങ്ങൾ ചിന്തിക്കും. അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.



