‘മുംബൈ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യണമെന്ന് മനസ്സിൽ തോന്നി, പക്ഷേ…’

2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ആക്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം. ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെ ആക്രമിക്കണമെന്ന് തന്റെ മനസ്സിൽ തോന്നിയെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ആഗോള സമ്മർദ്ദം കാരണം സർക്കാർ ആക്രമണത്തിൽനിന്ന് വിട്ടുനിന്നുവെന്ന് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം വെളിപ്പെടുത്തി. ഞാൻ ചുമതലയേറ്റതിന് ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാൻ വന്നു. ദയവായി ആക്രമിക്കരുതെന്ന് അവർ അഭ്യർഥിച്ചു. പാകിസ്ഥാനെ ആക്രമിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ദില്ലിയിലെത്തി.

എന്നാൽ സർക്കാർ എടുക്കുന്ന തീരുമാനമാണെന്ന് അവരെ അറിയിച്ചുവെന്നും ഔദ്യോഗിക രഹസ്യം വെളിപ്പെടുത്താതെ, നമുക്ക് എന്തെങ്കിലും പ്രതികാര നടപടി സ്വീകരിക്കണമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ആക്രമണത്തിന് ഇന്ത്യ സ്വീകരിക്കാൻ സാധ്യതയുള്ള പ്രതികാര നടപടികളെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും പ്രധാനപ്പെട്ട മറ്റ് ആളുകളുമായും ചർച്ച ചെയ്തതായും ചിദംബരം പറഞ്ഞു. ആക്രമണം നടക്കുമ്പോൾ പോലും പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഒടുവിൽ സൈനികമായി പ്രതികരിക്കേണ്ടതില്ല എന്ന നിഗമനത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. 175 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണ പരമ്പരയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് ചിദംബരം ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിൽ.

പിന്നാലെ വിമർശനവുമായി ബിജെപി രം​ഗത്തെത്തി. ചിദംബരത്തിന്റെ കുറ്റസമ്മതം രാജ്യത്തിന് ഇതിനകം അറിയാമായിരുന്ന കാര്യമാണെന്നും, 26/11 തെറ്റായി കൈകാര്യം ചെയ്തത് വിദേശ ശക്തികളുടെ സമ്മർദ്ദം മൂലമാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാനുമായി ഇടപെടുന്നതിൽ കോൺ​ഗ്രസിന്റെ ചായ്‌വ് എന്താണെന്ന് ചിദംബരത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നുവെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു.

Related Articles

Back to top button