ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു… അടിയന്തര തീരുമാനത്തിന് കാരണം…
കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു. രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചു. 15 വരെയാണ് നിയന്ത്രണം. വൈകിട്ടോടെ എല്ലാവരും ഒഴിയണമെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി. പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും ഉണ്ട്.
എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. സിഇടിയിലെ വനിതാ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് ആദ്യം ചിക്കൻ പോക്സ് പിടിപെട്ടത്. ഈ മുറിയിൽ മറ്റു മൂന്നു കുട്ടികൾ ഒപ്പമുണ്ട്. ഇവരെല്ലാം തുടർച്ചയായി കോളജിൽ പോയി വന്നു സമ്പർക്കം പുലർത്തിയവരാണ്. ഇവർക്കും രോഗസാധ്യത സംശയിച്ചാണ് മുൻകരുതലായി കോളജ് അടക്കാൻ തീരുമാനിച്ചത്. പാങ്ങപ്പാറ ഗവ. ആശുപത്രിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
കുട്ടികൾക്ക് പരീക്ഷ അടുത്തുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോളജ് അടച്ചതെന്നും പകരം ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ നടക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ യോഗം ചേരുമെന്ന് കൗൺസിലർ ബിന്ദു അറിയിച്ചു.