സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ.. രണ്ട് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടു..
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര അതിർത്തിക്കടുത്തുള്ള ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ നിന്നുള്ള രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദ്രി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മരിച്ചത്. സ്ഥലത്ത് നിന്ന് മൃതദേഹങ്ങളും ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിൽ വനമേഖലകളിൽ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡിന്റെയും (ഡിആർജി) അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘം ഇന്ന് പുലർച്ചെ തിരച്ചിൽ ആരംഭിച്ചതിനെ തടർന്നായിരുന്നു ഏറ്റുമുട്ടൽ.
‘ഇന്ന്, നമ്മുടെ സുരക്ഷാ സേന നക്‌സലൈറ്റുകൾക്കെതിരെ മറ്റൊരു വലിയ വിജയം നേടിയിരിക്കുന്നു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തിയിലെ നാരായൺപൂരിലെ അബുജ്മദ് മേഖലയിൽ, നമ്മുടെ സൈന്യം രണ്ട് നക്‌സൽ നേതാക്കളായ കട്ട രാമചന്ദ്ര റെഡ്ഡി, കദ്രി സത്യനാരായണ റെഡ്ഡി എന്നിവരെ വധിച്ചു. നമ്മുടെ സുരക്ഷാ സേന നക്‌സലുകളുടെ ഉന്നത നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കുന്നു, ചുവപ്പ് ഭീകരതയുടെ നട്ടെല്ല് തകർക്കുന്നു.’ അമിത് ഷാ എക്‌സ് പോസ്റ്റിൽ പറഞ്ഞു.