ഓണാട്ടുകര ഒരുങ്ങി..നാളെ ചെട്ടികുളങ്ങര കുംഭഭരണി..
എല്ലാ വർഷവും മുടക്കമില്ലാതെ ആഘോഷിക്കുന്ന ഓണാട്ടുകരയുടെ മഹോത്സവമായ ചെട്ടികുളങ്ങര കുംഭഭരണി നാളെ. കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് കുംഭഭരണിയുടെ പ്രത്യേകത. ശിവരാത്രി നാള്‍ ആരംഭിച്ച കുത്തിയോട്ട വഴിപാടുകളും കെട്ടുകാഴ്ചകളും നാളെ ചെട്ടികുളങ്ങര ഭഗവതിക്കു മുന്‍പില്‍ സമര്‍പ്പിക്കും. ഇത്തവണ 14 കുത്തിയോട്ട വഴിപാടുകളായിരുന്നു ഉണ്ടായിരുന്നത്. വഴിപാട് നടത്തുന്ന ഭവനങ്ങളില്‍ നിന്ന്കുത്തിയോട്ട ഘോഷയാത്ര നാളെ രാവിലെ ആരംഭിച്ച് ഉച്ചയ്‌ക്കു മുന്‍പായി ക്ഷേത്രത്തിലെത്തിച്ചേരും.
ഉച്ചക്ക് ശേഷം രണ്ടരയോടെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ച വരവ് ആരംഭിക്കും. കെട്ടുകാഴ്ചകള്‍ വൈകിട്ട് നാലരയോടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഇവ കരക്രമത്തില്‍ ക്ഷേത്രത്തിനു മുന്‍പിലെ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്‌ക്കാവ് കരക്കാര്‍ കുതിരയെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി കരക്കാര്‍ തേരും, മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് പാഞ്ചാലീ സമേതനനായ ഹനുമാനെയുമാണ് ഒരുക്കുന്നത്.
അശ്വതി നാളായ ഇന്ന് കെട്ടുകാഴ്ചകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നെള്ളുന്ന ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പിലെത്തും. ആദ്യം ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെയാണ് കരകളുടെ ക്രമം. ഭഗവതി ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്കു മടങ്ങുന്നതോടെ കുംഭഭരണി മഹോത്സവം സമാപിക്കും. വീണ്ടും അടുത്ത കുംഭഭരണിയ്ക്കായുള്ള ഓണാട്ടുകരക്കാരുടെ കാത്തിരിപ്പ് തുടരും.