ചെറുവള്ളി എസ്റ്റേറ്റ്: പാലാ കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജൻ

ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ വീഴ്ച്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് പറഞ്ഞ അദ്ദേഹം, ദുരന്തബാധിതർക്ക് താമസിക്കാൻ സജ്ജമായിട്ടായിരിക്കും വീടുകൾ കൈമാറുകയെന്നും വ്യക്തമാക്കി. പുനരധിവസിപ്പിക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടില്ല. അപ്പീലുകൾ പരിഗണനയിലുണ്ട്. പുനരധിവാസത്തിനായി കർണാടക സർക്കാർ പ്രഖ്യാപിച്ചത് 20 കോടിയാണെങ്കിലും പത്ത് കോടി രൂപ മാത്രമാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു.

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാൽ സർക്കാർ അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇനി മേൽക്കോടതിയിൽ നിന്ന് സർക്കാർ വാദം ശരിവച്ചാലേ ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാനാവൂ. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വാദങ്ങള്‍ പാലാ കോടതി ശരിവച്ചതോടെയാണിത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. 2019 ൽ തുടങ്ങിയതാണ് ഈ കേസ്. ഇതിലാണ് ഇപ്പോൾ സര്‍ക്കാരിൻ്റെ അവകാശവാദം കോടതി തള്ളിയത്.

Related Articles

Back to top button