ചെന്താമരക്ക് ഉണ്ടായിരുന്നത് 3 ഫോൺ… ഒന്ന് വിറ്റത് സെക്യൂരിറ്റി ജീവനക്കാരന്…രണ്ട് പേരെ കൊല്ലുമെന്ന് പറഞ്ഞിരുന്നു….
നെന്മാറയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ ചെന്താമര ഫോണ്‍ വിറ്റത് കോഴിക്കോട് കൂടരഞ്ഞി ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഒരു മാസം മുന്‍പുവരെ ചെന്താമര കൂടരഞ്ഞിയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് പേരെ കൊല്ലുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായും സെക്യൂരിറ്റി ജീവനക്കാരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
നേരത്തേ ഒരാളെ കൊന്ന് ജയിലില്‍ പോയ കാര്യം ചെന്താമര തന്നോട് പറഞ്ഞിരുന്നതായും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. മൂന്ന് പേരോട് പകയുണ്ടായിരുന്നുവെന്നും അതില്‍ ഒരാളെ കൊലപ്പെടുത്തിയാണ് ജയിലില്‍ പോയതെന്നും ചെന്താമര പറഞ്ഞിരുന്നുവെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ചെന്താമര ഉപയോഗിച്ചിരുന്ന ഫോണ്‍ തിരുവമ്പാടിയില്‍ വിറ്റുവെന്നും ഇത് ഓണ്‍ ആയി എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടെത്തിയിരുന്നു. തുടര്‍ന്നാണ് ഫോണ്‍ വിറ്റത് ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്.
ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞിരുന്നു. മറ്റൊരു ടീം കൂടി അവിടെ കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവര്‍ ഡോഗിനെ അടക്കം പരിശോധനയ്ക്ക് എത്തിക്കും. ഡ്രോണ്‍ പരിശോധന കൊണ്ട് പ്രയോജനം ഉണ്ടായില്ലെന്നും പ്രതിയുടെ സഹോദരന ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി പറഞ്ഞിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിര്‍ത്തിരുന്നുവെന്നും എസ്പി വ്യക്തമാക്കിയിരുന്നു. പൊലീസ് എതിര്‍ത്ത ജാമ്യ വ്യവസ്ഥകള്‍ കോടതിയാണ് നിഷേധിച്ചത്. പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കും.