ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം.. സത്യഭാമക്കെതിരെ കുറ്റപത്രം.. നടൻ സിദ്ധാർഥ് അടക്കം….

charge sheet filed against kalamandalam sathyabhama

കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

ചാലക്കുടിക്കാരന് നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍ എല്‍ വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എം എ ഭരതനാട്യം. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെപിഎസി ലളിതയുമായി കലഹിച്ച കലാകാരന് എന്നായിരുന്നു അടുത്തത്.

കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നടത്തിയ ഈ പരാമര്‍ശങ്ങള്‍ വൻ വിവാദമായിരുന്നു. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഇതോടെയാണ് രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുന്നത്. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കുകയായിരുന്നു പൊലീസിന് മുന്നിലെ ആദ്യ വെല്ലുവിളി. അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് അത് രാമകൃഷ്ണനെതിരെ തന്നെയന്ന് പൊലീസ് ഉറപ്പിച്ചത്.അതേസമയം അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെപിഎസി ലളിതയുടെ മകന്‍ സിദ്ധാര്‍‍ഥ് മൊഴി നല്‍കി. രാമകൃഷ്ണനോടുള്ള സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് .

Related Articles

Back to top button