ആധാറില്‍ വരുന്നൂ മാറ്റങ്ങള്‍…ഫോട്ടോ കോപ്പികള്‍ക്ക് പകരം ക്യൂആര്‍ കോഡ്…

ആധാറിൽ പുതിയ മാറ്റങ്ങള്‍ വരുത്തി യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഫോട്ടോ കോപ്പികള്‍ക്ക് പകരം ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ആധാര്‍ സംവിധാനമാണ് വരുന്നത്. പുതിയ സംവിധാനം നവംബറോടെ പൂര്‍ത്തിയാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.

വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ചെയ്യാന്‍ കഴിയും. ആധാര്‍ ദുരുപയോഗം തടയുന്നതിന് ഈ സംവിധാനം വളരെ പ്രധാനമാണെന്ന് യു.ഐഡി.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഭുവനേഷ് കുമാര്‍ പറഞ്ഞു.

ഹോട്ടല്‍ ചെക്ക്ഇന്നുകള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചറിയലിനായി പൂര്‍ണമായതോ ഭാഗികമായതോ ആയ ഫോര്‍മാറ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും. വിലാസം, ഫോണ്‍ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യല്‍, പേര് മാറ്റം, തെറ്റായ ജനനത്തീയതി തിരുത്തല്‍ എന്നിവയെല്ലാം ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാന്‍ കഴിയും. ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഡാറ്റകള്‍ പങ്കിടാന്‍ കഴിയൂ.

സ്വത്ത് രജിസ്‌ട്രേഷന്‍ സമയത്ത് സബ് രജിസ്ട്രാര്‍മാര്‍ക്കും രജിസ്ട്രാര്‍മാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. സ്വത്ത് രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവരുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാനായി ആധാര്‍ ഉപയോഗിക്കാന്‍ യു.ഐ.ഡി.എ.ഐ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതുവഴി ചില തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്നും ഭുവനേഷ് പറഞ്ഞു.

അഞ്ച് മുതല്‍ ഏഴ് വയസ്സ് വരെയും 15 മുതല്‍ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക്, മറ്റ് ഡാറ്റ അപ്‌ഡേറ്റ് ഉറപ്പാക്കുന്നതിനായി യു.ഐ.ഡി.എ.ഐ, സി.ബി.എസ്.ഇയുമായും മറ്റ് പരീക്ഷാ ബോര്‍ഡുകളുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button