പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം….ഊബർ ഡ്രൈവർ അറസ്റ്റിൽ…
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഊബർ ഡ്രൈവറായ 30കാരൻ കൊച്ചിയിൽ അറസ്റ്റിൽ. വയനാട് ചീരാൽ സ്വദേശി നൗഷാദിനെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോക്കം പോയതോടെ മാതാപിതാക്കൾക്ക് തോന്നിയ സംശയവും പിന്നീട് നടത്തിയ ചോദ്യം ചെയ്യലുമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പെൺകുട്ടി പഠനത്തിൽ പിന്നോട്ട് പോയത് ശ്രദ്ധയിൽപെട്ടപ്പോൾ മാതാപിതാക്കൾ കുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിവാഹിതനും തന്നേക്കാൾ ഇരട്ടി പ്രായമുള്ളതുമായ യുവാവുമായി മകൾ സൗഹൃദത്തിലാണെന്ന് മാതാപിതാക്കൾക്ക് മനസിലായത്. പിന്നാലെ വീട്ടുകാർ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ലൈംഗികാതിക്രമം നടന്നതായി ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.