തെങ്ങ് കയറാൻ തളപ്പിടുമ്പോഴും കാത്തുവച്ച സ്വപ്നം.. ഇന്ന് ചന്ദ്രൻ എത്തിപ്പിടിച്ചത് ജീവിത സാഫല്യം..

വീട്ടിലെ സാമ്പത്തിക ബാധ്യകൾ മൂലംപത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ വലിയൊരു ആഗ്രഹം മൂടിവച്ചാണ് വര്‍ഷങ്ങൾ ചന്ദ്രൻ ജീവിതം മുന്നോട്ട് നീക്കിയത്. ഒരു കായിക താരമാകണം എന്ന ആ സ്വപ്നം കൈവിടാതെയുള്ള വർഷങ്ങൾ നീണ്ട കഠിന പരിശീലനവുമാണ് 44-ാം വയസിൽ പെരിയ പാക്കത്തെ ചന്ദ്രനെ രാജ്യാന്തര വേദിയിൽ എത്തിച്ചത്

ജൂലൈ മാസം ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് ഓപ്പൺ ഇന്റർനാഷണൽ മീറ്റിൽ 40 കഴിഞ്ഞവരുടെ വിഭാഗത്തിൽ 5000 മീറ്ററിൽ ചന്ദ്രൻ വെങ്കലം നേടി. കൂടാതെ 1500 മീറ്ററിലും, 3000 മീറ്റർ ട്രിപ്പിൾ ചേസിലും നാലാം സ്ഥാനം നേടി. തന്റെ ചെറിയ പ്രായത്തിൽ പൂർത്തീകരിക്കാൻ കഴിയാതെ പോയ സ്വപ്നം 44ആം വയസ്സിൽ സഫലമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് ചന്ദ്രൻ.

പതിനാറാം വയസ്സിൽ അച്ഛൻ കെ.വി. കണ്ണനോടൊപ്പം തെങ്ങുകയറാൻ പഠിച്ചു. പിന്നീടങ്ങോട്ട് അതായിരുന്നു ചന്ദ്രന്റെ തൊഴിൽ. പലർക്കും അത് വെറുമൊരു ജോലിയായിരുന്നപ്പോൾ ചന്ദ്രന് അത് തന്റെ അതിജീവനത്തിന്റെ തളപ്പായിരുന്നു. വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങുന്ന തെങ്ങുകയറ്റം, ഉച്ചയോടെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങും. പിന്നീട് വൈകിട്ട് അഞ്ചിന് ബേക്കൽ ബീച്ചിൽ എത്തും. സന്ധ്യവരെ കടപ്പുറത്ത് കിലോമീറ്ററുകളോളം ഓടിയാണ് പരിശീലനം.

Related Articles

Back to top button