ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ആദ്യ പന്തെറിയും മുമ്പെ ഇന്ത്യയുടെ തലയിലയത് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്…
champions-trophy-2025
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായതോടെ ഇന്ത്യയുടെ പേരിലായത് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്. പാകിസ്ഥാനെതിരെ ടോസ് നഷ്ടമായത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ടോസ് നഷ്ടമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ ടോസ് നഷ്ടമാവുന്നത്. തുടര്‍ച്ചയായി 11 ടോസുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്സിന്റെ റെക്കോര്‍ഡാണ് ഇന്ത്യയുടെ പേരിലായത്.
2011 മുതല്‍ 2013വരെയുള്ള കാലയളവിലാണ് നെതര്‍ലന്‍ഡ്സിന് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി 11 ടോസുകള്‍ നഷ്ടമായത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം തുടങ്ങിയത്. അന്ന് നിര്‍ണായക ടോസ് ജയിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അതിനുശേഷം കളിച്ച 11 മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നേടാനായിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ച്ചയായി ടോസ് നഷ്ടമാകുന്നതിലെ നിരാശ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണങ്ങളിലും വ്യക്തമായിരുന്നു. ടോസിനുശേഷൺ രോഹിത് ശര്‍മക്ക് അരികിലെത്തിയ രവി ശാസ്ത്രി, ടോസ് നേടിയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ചോദിച്ചാണ് തുടങ്ങിയത്. അതിവിടെ പ്രസക്തമല്ലല്ലോ, പാകിസ്ഥാന് ടോസ് ജയിച്ചു, നമ്മള് ബൗള്‍ ചെയ്യുകയാണ് എന്നായിരുന്നു അസംതൃപ്തിയോടെ രോഹിതിന്റെ മറുപടി.
ടോസ് നിര്‍ണായകമായേക്കാവുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം വലിയ തിരിച്ചടിയാകാറുണ്ട്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായത് ഇന്ത്യയുടെ കിരീട നഷ്ടത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഏകദിന ലോകകപ്പിന് ശേഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഒരു മത്സരത്തില്‍ പോലും ടോസ് ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.