മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ കടപുഴകി.. വ്യാപക നാശം വിതച്ച് കനത്ത മഴയും കാറ്റും…
ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശനഷ്ടങ്ങൾ . പുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണു.പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു.
ടപ്പുഴ കുട്ടാടന്‍പാടം നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കാടുകുറ്റി ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തിരുത്തിപറമ്പ്, കാരൂര്‍ എന്നീ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സതേണ്‍ കോളജിന് സമീപം റെയില്‍വെ അടിപ്പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
അലവി സെന്‍ററില്‍ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പല വീടുകള്‍ക്ക് മുകളിലും മരം മറിഞ്ഞ് വീണു. വ്യാപകമായ കൃഷിനാശവും ഈ മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. എലിഞ്ഞിപ്രയില്‍ കനത്ത കാറ്റിലും മഴയിലും വന്‍ കൃഷിനാശം സംഭവിച്ചു. എലിഞ്ഞിപ്ര കാനാല്‍പാലം ജങ്ഷനിലാണ് വലിയ തോതിലുള്ള നാശം സംഭവിച്ചത്.