‘ഫ്രിഡ്ജും ടിവിയും ഫർണിച്ചറും വാങ്ങിയതിൽ സംശയം പ്രകടിപ്പിച്ചിരുന്നു, മരുമകൾക്കും പങ്ക്’…
പ്രതി ലിവിയയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച് മകന് ശബ്ദസന്ദേശം അയച്ചിട്ടില്ലെന്ന് വ്യാജ ലഹരിക്കേസില്‍ കുറ്റവിമുക്തയായ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല ഷണ്ണി. തന്നെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ മരുമകളുമായി ചേര്‍ന്ന് ലിവിയ നടത്തിയ പദ്ധതിയാണിതെന്നും ഷീല സണ്ണി പ്രതികരിച്ചു.
ലിവിയ പൊലീസിന് നല്‍കിയ മൊഴി സത്യമല്ല. അങ്ങനെയൊരു ശബ്ദസന്ദേശം അയച്ചിട്ടില്ല. പറയത്തക്ക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. ലിവിയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദസന്ദേശം അയക്കേണ്ട കാര്യമില്ലല്ലോ എന്നും ഷീല സണ്ണി പറയുന്നു. ഹോസ്റ്റലില്‍ പഠിക്കുന്ന ഒരാള്‍ എങ്ങനെയാണ് വീട്ടിലേക്ക് ഇത്രയും സാധനങ്ങള്‍ വാങ്ങിയതെന്ന സംശയം താന്‍ പ്രകടിപ്പിച്ചിരുന്നു. അത് പുറത്ത് ആരോടും പറഞ്ഞിട്ടില്ല. ഫ്രിഡ്ജും ടിവിയും ഫര്‍ണിച്ചറും വാങ്ങിയതിനെക്കുറിച്ച് ലിവിയയുടെ അമ്മയോട് ചോദിച്ചിരുന്നു. മകന്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിന് ശേഷം ഒരു തവണ മാത്രമാണ് ബന്ധപ്പെട്ടത്. പിന്നീട് ഒരു അറിവും ഇല്ല എന്നും ഷീല സണ്ണി പറഞ്ഞു.
ബംഗ്ലൂരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെയാണ് പണമുണ്ടാക്കിയതെന്ന ഷീല സണ്ണിയുടെ ശബ്ദ സന്ദേശമായിരുന്നു പകയ്ക്ക് കാരണമെന്ന് ലിവിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വാഹനത്തില്‍ ലഹരിവെച്ചതെന്നും എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് ലഹരി സ്റ്റാംപ് നല്‍കി ആഫ്രിക്കന്‍ സ്വദേശി പറ്റിക്കുകയായിരുന്നുവെന്നുമാണ് ലിവിയ മൊഴി നല്‍കിയത്. ഒറ്റ ബുദ്ധിക്ക് ചെയ്തുപോയതാണ് ഇതെല്ലാം. കുറ്റകൃത്യത്തില്‍ തന്റെ സഹോദരിക്ക് പങ്കില്ല. ബന്ധു നാരായണ ദാസിന്റെ സഹായത്തോടെ താന്‍ ഒറ്റയ്ക്കാണ് കുറ്റം ചെയ്തതെന്നും ലിവിയ പറഞ്ഞിരുന്നു. ഷീല സണ്ണിയുടെ മകന്റെ ഭാര്യാ സഹോദരിയാണ് ലിവിയ.