നട്ടുച്ചക്ക് നടുറോഡിൽ നടന്നുപോയ വയോധികയുടെ മാല പൊട്ടിച്ചു, മോഷ്ടാവ് പിടിയിൽ, മോഷ്ടിച്ചതാകട്ടെ…
chain snatched old woman
കണ്ണൂർ പന്നേൻപാറയിൽ നടുറോഡിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയിൽ. നാറാത്ത് സ്വദേശി ഇബ്രാഹിമിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു. പന്നേൻപാറയിലെ കാർത്യായനി വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്. ഏറെ നേരം പിന്തുടർന്ന ശേഷമായിരുന്നു പ്രതിയുടെ ആക്രമണം എന്ന് കാർത്യായനി പറയുന്നു.
‘റെയിൽവേയിൽ ജോലി ചെയ്യുന്ന ഗംഗന്റെ വീടേതാണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞ് എനിക്കറിയില്ലെന്ന്. എന്റെ പിന്നാലെ വന്നു. പെട്ടെന്ന് എന്റെ കഴുത്തീന്ന് മാല പൊട്ടിച്ചു. ഞാൻ നിലത്തുവീണു. എണിക്കാൻ പറ്റാതായി, ആളുകൾ വന്നാണ് എന്നെ രക്ഷിച്ചത്. വീണപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റാതായി. സ്വർണം പോലെ തന്നെ തോന്നും, മുക്കുപണ്ടമായിരുന്നു അത്. അവന് നല്ലോണം കിട്ടണം.’ അതിക്രമത്തിനിരയായ കാർത്യായനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതിക്രമത്തിന്റെ നടുക്കം കാർത്യായനിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല.