ആരാണ് വിശ്വക്സേനന്‍? എന്താണ് മിഴിതുറക്കൽ?.. അറിയാം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള വിഗ്രഹ പുനപ്രതിഷ്ഠയെപ്പറ്റി…

ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ(Sree Padmanabhaswamy temple) വിശ്വക്സേന വിഗ്രഹ പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും.

ഏതാനും വർഷം മുമ്പാണ് വിശ്വക്സേന വിഗ്രഹത്തിൽ ചില കേടുപാടുകൾ കണ്ടെത്തിയത്. 280 വർഷത്തിലേറെ പഴക്കമുള്ള ഈ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചത് ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച മൂലമാകാം എന്ന് കരുതപ്പെടുന്നു. 2011-ൽ നടത്തിയ ദേവപ്രശ്നത്തിൽ ദൈവ ചൈതന്യം വീണ്ടെടുക്കേണ്ടതുണ്ടെന്ന് കണ്ടിരുന്നു. 2013 ൽ ക്ഷേത്രതന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും നടത്തിയ പരിശോധനയിലാണ് വിശ്വക്സേന വിഗ്രത്തിലെ കേടുപാടുകൾ കണ്ടെത്തിയത്. തുടർന്നാണ് പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത്. ഇതേതുടർന്ന് ആചാരങ്ങൾ പാലിച്ചുകൊണ്ട് നടപടിക്രമങ്ങൾ ആരംഭിച്ചു.

ആരാണ് വിശ്വക്സേനന്‍

വിശ്വക്സേനൻ ആദരണീയ ദേവനാണെന്നും മഹാവിഷ്ണുവിന് സമർപ്പിക്കുന്ന വസ്തുക്കളുടെ ആദ്യ അവകാശം അദ്ദേഹത്തിനണെന്നും ക്ഷേത്ര തന്ത്രി സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.

മഹാവിഷ്ണുവിന്റെ അംശമാണ് വിശ്വക്സേനൻ എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പരിപൂർണപരിപാലന ചുമതല വിശ്വക്സേനനാണ്. . ക്ഷേത്രത്തിലെ നിത്യചെലവ് കണക്കുകൾ ബോധിപ്പിക്കുന്നത് വിശ്വക്സേനന്റെ മുൻപിലാണ്. ഒറ്റയ്ക്കൽ മണ്ഡപത്തിനു താഴെ ശ്രീപത്മനാഭസ്വാമി വിഗ്രഹത്തിന്റെ പാദഭാഗത്താണ്, വരദമുദ്രയോടു കൂടി താമരയിൽ ഇരിക്കുന്ന വിശ്വക്സേന വിഗ്രഹം പ്രതിഷ്ഠയുള്ളത്. കൈയ്യില്‍ ശംഖ്, ചക്രം, ദണ്ഡ് എന്നിവ പിടിച്ചിരിക്കുന്നതാണ് രീതിയിലാണ് പ്രതിഷ്ഠ.

വിശ്വക്സേന വിഗ്രഹത്തിന്റെ ചരിത്രം

“1739-41 കാലഘട്ടത്തിൽ ഒരു തീപിടുത്തത്തെത്തുടർന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വലിയ നവീകരണം നടന്നപ്പോഴാണ് പഴയ വിശ്വക്സേന വിഗ്രഹം സ്ഥാപിച്ചത്,” ഡോ. എം ജി ശശിഭൂഷൺ പറഞ്ഞു. “ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹവും അതേ ശ്രീകോവിലിലെ മറ്റ് വിഗ്രഹങ്ങളും കടുശർക്കരയോഗം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇങ്ങനെ നിർമ്മിച്ച വിഗ്രഹങ്ങളിൽ വെള്ളം തൊടാൻ പാടില്ല. അതിനാൽ, പരമ്പരാഗത അഭിഷേകങ്ങൾ ഈ വിഗ്രഹങ്ങൾക്ക് പകരം പ്രതിനിധി വിഗ്രഹങ്ങളിലാണ് നടത്തുന്നത്,” അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ഈ വിഗ്രഹങ്ങളിൽ ‘അർച്ചന’യ്ക്ക് ഉപയോഗിക്കുന്ന തുളസി ഉൾപ്പെടെയുള്ള പൂക്കൾ വെള്ളം ഇല്ലാതിരിക്കാനായി തലേന്ന് വൈകുന്നേരം പറിച്ചെടുത്താണ് ഉപയോഗിക്കാറുള്ളതെന്ന് ശശിഭൂഷൺ പറഞ്ഞു.

വിഷത്രാതൻ എന്ന ശിൽപ്പിയാണ് ആദ്യ വിശ്വക്സേന ശിൽപ്പം നിർമ്മിച്ചത്.

വിഗ്രഹം നിർമ്മിച്ചത് ആര് ? എങ്ങനെ?

തമിഴ്‌നാട്ടിലെ ശിവഗംഗയിലെ തിരുകോഷ്ഠിയൂർ ഗ്രാമത്തിലെ ശിൽപി തിരുകോഷ്ഠിയൂർ മാധവനാണ് വിശ്വക്സേനന്റെ പുതിയ വിഗ്രഹം നിർമ്മിച്ചത്. കടുശര്‍ക്കര യോഗത്തില്‍ വിഗ്രഹ നിര്‍മാണത്തിലെ വിദഗ്ധനാണ് തിരുകോഷ്ഠിയൂർ മാധവന്‍.

വിഗ്രഹ നിർമ്മാണത്തിന് പ്രത്യേക രീതിയുണ്ട്. ക്ഷേത്രത്തിനകത്ത് വച്ചു തന്നെയാണ് വിഗ്രഹം നിർമ്മാണം നടന്നത്.

ശൂലം, മൃണ്മയം, ലേപനം എന്നീ മൂന്ന് ഭാഗങ്ങളാണ് വിഗ്രഹ നിര്‍മാണത്തിനുള്ളത്. കരിങ്ങാലിത്തടിയിലാണ് ശൂലം. വിവിധതരം മണ്ണ്, ശംഖ്, ചിപ്പി, പൊടി, സ്വര്‍ണം, വെള്ളി, ചെമ്പ്, ഔഷധസസ്യങ്ങൾ എന്നിവ ചേര്‍ത്തുള്ള നാരുകള്‍, പലതരം കഷായങ്ങള്‍ എന്നിവ ചേര്‍ത്ത് മൃണ്മയം നിര്‍മിക്കും. ഏറ്റവും ഉപരിതലത്തിലാണ് കടുശര്‍ക്കര ലേപനം ചെയ്യുന്നത്. പലതരം മണ്ണ്, വിവിധ ദ്രവ്യങ്ങള്‍ തുടങ്ങി ഏകദേശം 48 വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേകതരം കൂട്ടാണ് കടുശര്‍ക്കരയോഗം.

മിഴിതുറക്കൽ

പുതിയ വിഗ്രഹം പഴയതിന്റെ മാതൃകയിൽ തന്നെ നിർമ്മിച്ച് മുമ്പത്തേതിന്റെ അതേ സ്ഥാനത്ത് തന്നെ സ്ഥാപിച്ചിരിക്കുന്നു. ‘മിഴി തുറക്കൽ’ ചടങ്ങിൽ മുഖ്യപുരോഹിതൻ വിഗ്രഹത്തിന്റെ കണ്ണുകളിൽ ഒട്ടിച്ചിരിക്കുന്ന പൂക്കൾ നീക്കം ചെയ്ത് കണ്ണുകൾ തുറക്കുമ്പോൾ ഇത് സമർപ്പിക്കും.

ഞായറാഴ്ച രാവിലെ 7.40 മുതൽ 8.40 വരെ മഹാകുംഭാഭിഷേകം ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകൾ നടക്കും. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ താഴികക്കുടം പ്രതിഷ്ഠ, അഷ്ടബന്ധം എന്നിവ ചടങ്ങുകളിൽ ഉൾപ്പെടുന്നു. ജൂൺ 2 മുതൽ 8 വരെ പതിവ് ദർശന സമയങ്ങളിൽ വ്യത്യാസമുണ്ട്.

Related Articles

Back to top button