കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ നഷ്ടപ്പെടുത്തുന്നു…ശോഭാസുരേന്ദ്രന്‍..
മാവേലിക്കര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നുവെന്നും ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികള്‍ കേരളത്തിനു നഷ്ടപ്പെടുന്നുവെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ കമ്മറ്റി ഓഫീസില്‍ ആരംഭിച്ച വികസന കേരളം ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന സൗജന്യ ഇന്‍ഷുറന്‍സ് അംഗത്വ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി ആവാസ് യോജന കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് നടപ്പാക്കിയിരുന്നെങ്കില്‍ ഭവനരഹിതരായ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വീടു ലഭിക്കുമായിരുന്നു. സാധാരണക്കാരന്റെ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഇടപെടല്‍ നടത്തണം. 70 വയസ് കഴിഞ്ഞവര്‍ക്ക് 5ലക്ഷം രൂപ ചികിത്സ ധനസഹായം ലഭിക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ വേണ്ടന്നുവച്ചത് നിന്ദ്യവും അപഹാസ്യവുമാണ്. ഇതില്‍ പേരു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാരുണ്യപദ്ധതിയുടെ ഗുണം കിട്ടാത്ത രീതിയില്‍ പദ്ധതിയെ അട്ടിമറിച്ചെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, പി.ബി.അഭിലാഷ് കുമാര്‍, കൃഷ്ണകുമാര്‍ രാംദാസ്, ഭാരവാഹികളായ സജു ഇടയ്ക്കല്‍, മഠത്തില്‍ ബിജു, ഡി.വിനോദ്കുമാര്‍, സജുകുരുവിള, സി.ദേവാനന്ദ്, ബിബിന്‍ സി.ബാബു, അഡ്വ.ഹരീഷ് കാട്ടൂര്‍, പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്‍, അഡ്വ.കെ.വി.അരുണ്‍, അഡ്വ.പീയൂഷ് ചാരുംമൂട്, ജി.ശ്യാംകൃഷ്ണന്‍, അഡ്വ.ഹരിഗോവിന്ദ്, പൊന്നമ്മ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



