തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനം;  കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധത്തിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ബിജെപിയും ആര്‍എസ്എസും അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ സംസ്ഥാന യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഹാത്മാഗാന്ധിയുടെ പേരും ആദര്‍ശങ്ങളും ജനങ്ങളുടെ മനസില്‍ ഊട്ടിയുറപ്പിക്കാനുള്ള ഈ പ്രതിഷേധത്തില്‍ ഗാന്ധിയുടെ ചിത്രങ്ങളും ബോര്‍ഡുകളും ഉപയോഗിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് വ്യക്തമാക്കി. 

ഗാന്ധിജിയുടെ മൂല്യങ്ങളെയും ആശയങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനും ജനങ്ങള്‍ക്ക് തൊഴിലവകാശം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയെ കേന്ദ്ര നിയന്ത്രണത്തിലുള്ള ഒരു ചാരിറ്റിയാക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു.  എന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. ഇത് കണക്കിലെടുത്ത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബര്‍ 17ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആഹ്വാനം. പാര്‍ട്ടിയുടെ സ്ഥാപക ദിനമായ ഡിസംബര്‍ 28ന് എല്ലാ മണ്ഡലങ്ങളിലും ഗാന്ധിജിയുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സാമൂഹ്യ നീതിക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണിത്. കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം ഇക്കാര്യങ്ങള്‍ ഊട്ടിയുറപ്പിക്കാനാണ്.’ കോൺഗ്രസ് വ്യക്തമാക്കി.

ഇത് രാഷ്ട്രീയവും ധാര്‍മികവുമായ പോരാട്ടമാണ്. ഗാന്ധിജിയുടെ പൈതൃകവും ദരിദ്രരെ സംരക്ഷിക്കുമെന്ന ഭരണഘടനയുടെ വാഗ്ദാനവും നിറവേറ്റാനുള്ളതാണ് തൊഴിലുറപ്പ് പദ്ധതി. അതിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും, കോൺഗ്രസ് കൂട്ടിച്ചേർത്തു.‌പ്രതിഷേധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പിന്തുണയും ഉണ്ടാവണമെന്നും കോൺഗ്രസ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Back to top button