സിമന്‍റ് വില കൂടും; വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ വിധി…
2024 ജൂലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി രാജ്യത്തെ സിമന്‍റ് വില വര്‍ധിക്കുന്നതിന് വഴിയൊരുക്കുന്നു. ധാതുക്കള്‍ അടങ്ങിയ ഭൂമിക്ക് നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് ആയിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതിന്‍റെ ചുവട് പിടിച്ച് തമിഴ്നാട് സര്‍ക്കാര്‍ 2024-ല്‍ തമിഴ്നാട് മിനറല്‍ ബെയറിംഗ് ലാന്‍ഡ് ടാക്സ് ആക്ട് അവതരിപ്പിച്ചിരുന്നു. ഈ നിയമപ്രകാരം, ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ചുണ്ണാമ്പുകല്ലിന് ടണ്ണിന് 160 രൂപ എന്ന നിരക്കില്‍ സംസ്ഥാനം നികുതി ചുമത്തിത്തുടങ്ങി. ഇത് അധികം വൈകാതെ സിമന്‍റ് വിലയിലും പ്രതിഫലിക്കും. കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റ് ധാതു സമ്പന്ന സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ പരിഗണിക്കുന്നതിനാല്‍, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നികത്താന്‍ സിമന്‍റ് കമ്പനികള്‍ വില ഉയര്‍ത്തിയേക്കും.