സംസ്ഥാനത്ത് 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി

സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നശേഷം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്.
ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്ഫോമായ ‘സഞ്ചാര്‍ സാഥി’യിലെ സിഇഐആര്‍. സംവിധാനം വഴിയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനു വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഉടമ അറിയാതെയുള്ള വ്യാജ കണക്ഷനുകളും കെ.വൈ.സി. പരാജയപ്പെട്ട കണക്ഷനുകളുമാണിവ.
സംസ്ഥാന സൈബര്‍ പൊലീസിന്റെ പ്രത്യേക ഡ്രൈവില്‍ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് നഷ്ടപ്പെട്ടെന്നോ മോഷണംപോയെന്നോ പരാതി ലഭിച്ച 46,357 ഫോണുകള്‍ സിഇഐആര്‍ വഴി കണ്ടെത്തി. ഇതില്‍ 17,000 എണ്ണം ഉടമകള്‍ക്ക് തിരിച്ചെത്തിച്ചു.



