മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിന് പഴക്കം 80 വർഷം പഴക്കം…ക്ലാസ് മുറിയിലെ സീലിം​ഗ് ഇളകി വീണത്…

പാലോട് പേരക്കുഴി ഗവ. എൽപി സ്കൂളിന്‍റെ ക്ലാസ് മുറികളുടെ സീലിം​ഗ് ഇളകി വീണു. 80 വർഷം പഴക്കമുള്ള ഓടിട്ട  കെട്ടിടത്തിന്‍റെ സീലിം​ഗാണ് പൊളിഞ്ഞു വീണത്. അഞ്ച് ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കുട്ടികളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രാവിലെ എട്ടരയോയാണ് സീലിം​ഗ് ഇളകി വീണത്. ഒമ്പത് മണിക്കാണ് കുട്ടികൾ എത്തിയത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓടിട്ട ഈ കെട്ടിടത്തിലാണ് അഞ്ച് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. മേൽക്കൂര മുഴുവൻ ദ്രവിച്ച നിലയിലാണെന്നത് വ്യക്തമാണ്. 

പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന പാലോട് ഉപജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് പാലോട് പേരക്കുഴി എൽപിഎസ്. സ്കൂളിന്‍റെ മികവുകൊണ്ട് തന്നെ ഓരോ വർഷവും ഇവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണവും വർധിക്കുന്നതായി വാർഡ് മെമ്പറായ രാജ്കുമാർ പറഞ്ഞു. പഞ്ചായത്ത്, എംഎൽഎ, എംപി എന്നിവർക്കടക്കം നിവേദനം നൽകിയിട്ടും ഇതുവരെ ആരും നടപടിയെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് എംഎൽഎയ്ക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്‌ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നടപടിയൊന്നുമായില്ല.

നിലവിൽ 250ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ് മുറികൾ ഇല്ലാത്തത് മൂലം സമീപത്തെ ബിആർസിയുടെ ട്രെയിനിം​ഗ് ഹാൾ, ലൈബ്രറി കെട്ടിടം, ബിആർസിയുടെ തന്നെ തെറാപ്പി സെന്‍റർ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. പുതിയൊരു കെട്ടിടം ലഭിച്ചാൽ പേടിയില്ലാതെ കുട്ടികൾക്ക് ക്ലാസിലിരിക്കാമെന്നും മികച്ച സ്കൂളിനെ നിലനിർത്താൻ സർക്കാർ നടപടി വേണമെന്നും വാർഡ് മെമ്പർ ചൂണ്ടിക്കാട്ടി. പുതിയ കെട്ടിടം അത്യാവശ്യമാണെന്ന് സ്കൂൾ അധികാരികളും പറയുന്നു.

Related Articles

Back to top button