കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.. ഒരാളെ ചോദ്യം ചെയ്യുന്നു…

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു.തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. യുവാവിനെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ച് ദിവസം മുൻപ് പരപ്പാറ അങ്ങാടിയിൽ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി പരപ്പാറ സ്വദേശി അനൂസ് റോഷനെയാണ് ആയുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിൻ്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടി കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ പകൽ വെളിച്ചത്തിലാണ് ഒരു സംഘം യുവാവിനെ വീട്ടിൽ കയറി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയത്. ആദ്യം രണ്ടു പേർ ബൈക്കിലെത്തി. പിന്നാലെ കാറിലുമായി എത്തിയവരും ഉൾപ്പെടെ ആദ്യം അനൂസ് റോഷൻ്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു .ഇത് തടയാൻ ശ്രമിച്ച അനൂസിനെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു
മൂത്ത മകൻ അജ്മൽ റോഷൻ്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും കുടുംബം പറയുന്നു. ഇതിന് മുൻപും പണം ലഭിക്കാൻ ഉളളവർ വീട്ടിൽ എത്തി ഭീഷണി മുഴക്കിയിരുന്നു . ഇതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെയാണ് തട്ടിക്കൊണ്ട് പോകൽ .വിദേശത്തായിരുന്ന അജ്മൽ നാട്ടിൽ എത്തിയെന്ന് വിവരം ഉണ്ടെങ്കിലും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞു . സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന കത്തി വീട്ടിൻ്റെ മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ട് പോകലിന് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ടാണ് കൊടുവള്ളി പൊലീസിൻ്റെ അന്വേഷണം.



