പത്താംക്ലാസുകാര്‍ക്കും പ്ലസ്ടുകാര്‍ക്കും പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ
പത്താംക്ലാസുകാർക്കും പ്ലസ്ടു വിദ്യാർഥികൾക്കും 2026 ൽ പരീക്ഷ എഴുതുന്നതിന് 75% ഹാജർ നിർബന്ധമാക്കി സിബിഎസ്ഇ. അടിയന്തര മെഡിക്കൽ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവർക്കും കാരണം വ്യക്തമാക്കുന്ന മതിയായ രേഖകൾ സമർപ്പിച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കുന്നതിന് സിബിഎസ്എ മിന്നൽ പരിശോധനകൾ നടത്തിയേക്കും.
ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാർഥികൾ മതിയായ രേഖകൾ സഹിതം സ്‌കൂളിൽ അപേക്ഷ നൽകണം. എഴുതി നൽകിയ അപേക്ഷയില്ലെങ്കിൽ അനധികൃത അവധിയായി പരിഗണിക്കും. മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാർഥികളെ നോൺ അറ്റൻഡിങ് അല്ലെങ്കിൽ ഡമ്മി കാന്റിഡേറ്റ് ആയി വേർതിരിക്കും.
സ്‌കൂൾ അധികൃതർ വിദ്യാർഥികളുടെ ഹാജർ നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജർ രേഖകൾ സൂക്ഷിക്കണം. ഹാജർ രജിസ്റ്റർ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂൾ അധികാരിയും ഒപ്പുവെക്കുകയും വേണം. നിരന്തരം അവധിയെടുക്കുകയും മതിയായ ഹാജറില്ലാത്തതുമായ വിദ്യാർഥികളുടെ രക്ഷിതാക്കളെ അക്കാര്യം സ്‌കൂളുകൾ അറിയിക്കണമെന്നും സിബിഎസ്ഇ നിർദേശിച്ചു.
പരീക്ഷയുടെ ആവശ്യത്തിന് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിനും സ്ഥിരമായ ഹാജർ ആവശ്യമാണെന്ന് ബോർഡ് പറഞ്ഞു. ഹാജർ രേഖകൾ പൂർത്തിയല്ലെന്ന് കണ്ടാൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കുന്നതുൾപ്പടെ സ്‌കൂളിനെതിരെ കടുത്ത നടപടിയുണ്ടാവും.