10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതാനുള്ള മാനദണ്ഡം കർശനമാക്കി സിബിഎസ്ഇ
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) നിർദ്ദേശം പുറപ്പെടുവിച്ചു. അക്കാദമിക്, ഹാജർ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ഓപ്പൺ, ഡിസ്റ്റൻസ് ലേണിംഗ് മാതൃകയിൽ പ്രവർത്തിക്കുമ്പോൾ സിബിഎസ്ഇ സ്കൂൾ ചട്ടക്കൂടിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് നിർദേശത്തിൽ ഊന്നിപ്പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശരിയായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും രണ്ട് വർഷത്തെ പ്രോഗ്രാമുകളായി കണക്കാക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതായത് ഒൻപതാം ക്ലാസും പത്താം ക്ലാസും രണ്ട് വർഷത്തെ കോഴ്സാക്കി പരിഗണിച്ചായിരിക്കും പത്താം ക്ലാസ് പൊതുപരീക്ഷ നടത്തുക. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ഒരുമിച്ച് 12-ാം ക്ലാസ് പരീക്ഷയ്ക്കുള്ള മാനദണ്ഡമാകും. ബോർഡ് ക്ലാസുകളിൽ എടുക്കുന്ന ഏതൊരു വിഷയവും തുടർച്ചയായി രണ്ട് വർഷം പഠിച്ചിരിക്കണമെന്നും നിർദേശിച്ചു.