12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി ഇനിമുതൽ ഡിജിറ്റൽ; ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ രീതി നടപ്പിലാക്കാനൊരുങ്ങി സി.ബി.എസ്.ഇ

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി ഡിജിറ്റലാക്കി സി.ബി.എസ്.ഇ. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായിട്ടായിരിക്കും പരിശോധന നടത്തുക. ഇതിനായി ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) രീതിയാണ് സിബിഎസ്ഇ നടപ്പിലാക്കാനൊരുങ്ങുന്നത്.
ഈ വർഷം ഫെബ്രുവരി 17ന് ആരംഭിക്കുന്ന 12ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഡിജിറ്റൽ രീതിയാണ് അവലംബിക്കുക. പത്താം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ ഈ വർഷം മാറ്റം വരുത്തില്ല. മൂല്യനിർണയത്തിലെ സുതാര്യത വർധിപ്പിക്കൽ, ഫലപ്രഖ്യാപനം വേഗത്തിലാക്കൽ, പിഴവുകൾ ഒഴിവാക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.
പുതിയ സമ്പ്രദായം വിശദീകരിച്ച് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ഫെബ്രുവരി ഒമ്പതിന് കത്തയച്ചിട്ടുണ്ട്.




