‘സുരേഷ് ഗോപിയുടെ ‘കള്ളന്മാർ’ പ്രസ്താവന ബാലിശം, മനോവിഷമം ഉണ്ടാക്കി’; ഫാദർ മാത്യു കോയിക്കൽ

എഫ്സിആർഎ നിയമഭേദഗതി സംബന്ധിച്ചുള്ള സുരേഷ് ഗോപിയുടെ ‘കള്ളന്മാർ’ പ്രസ്താവന വേദനയുണ്ടാക്കി എന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ. കള്ളന്മാർ ഭയന്നാൽ മതി എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ആരാണ് കള്ളൻമാർ എന്ന് അദ്ദേഹം വ്യക്തമാക്കണം. പ്രസ്താവന ബാലിശമെന്നും മനോവിഷമം ഉണ്ടാക്കിയെന്നും മാത്യു കോയിക്കൽ പ്രതികരിച്ചു.
എഫ്സിആർഎ നിയമഭേദഗതിയിൽ ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കണ്ടതിന് ശേഷമായിരുന്നു ഫാദർ മാത്യു കോയിക്കലിന്റെ പ്രതികരണം. എഫ്സിആർഎ നിയമഭേദഗതിയിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ അറിയിച്ചുവെന്നും കുടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ മാനമില്ല എന്നും ഫാദർ മാത്യു കോയിക്കൽ പറഞ്ഞു. ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.



