കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസിൽ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ഹോട്ടലിൽ വെച്ചാണ് ഇന്ന് ഉച്ചയോടെ കൊച്ചി യൂണിറ്റിലെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ടാൻസാനിയയിൽ നിന്ന് കശുവണ്ടിഇറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല. ഇതിനെതിരെ ഇഡി എറണാകുളം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് കസ്റ്റഡിയിലെടുത്ത്. കേസ് ഒത്തു തീർപ്പാക്കാൻ ഇഡി ഉദ്യോഗസ്ഥൻ 2 കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാട്ടി നേരത്തെ അനീഷ് ബാബു നിൽകിയ പരാതിയിൽ ഒരു ഏജന്‍റിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.

