കശുവണ്ടി വികസന കോർപറേഷൻ അഴിമതി…. സർക്കാരിന് കനത്ത തിരിച്ചടിയുമായി ഹൈക്കോടതി ഉത്തരവ്

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കനത്ത പ്രഹരം. കേസിൽ പ്രതികളായവർക്കെതിരെ പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ, കോർപറേഷൻ മുൻ എംഡി കെ.എ. രതീഷ് എന്നിവരാണ് പ്രധാന പ്രതികൾ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചേർക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച വ്യവസായ സെക്രട്ടറിയുടെ നടപടിക്കെതിരെ കോടതി രൂക്ഷവിമർശനമാണ് ഉയർത്തിയത്.

പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് നൽകിയ ഹർജിയിലാണ് ഈ സുപ്രധാന വിധി. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ അഴിമതി നിരോധന നിയമം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തുടർച്ചയായി നിരസിച്ചിരുന്നു.

നേരത്തെ സുപ്രീം കോടതി വരെ എത്തിയ കേസിലും സർക്കാർ സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ ഈ സംരക്ഷണ കവചം പൊളിച്ചുകൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുന്നത് സർക്കാരിനെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കും.

Related Articles

Back to top button