മകന് ഐസ്‌ക്രീമില്‍ വിഷം കലർത്തി കൊടുത്ത് കൊന്നു.. നാലുവര്‍ഷത്തിനുശേഷം പിതാവിനെ…

മകനെ വിഷംകൊടുത്ത് കൊന്ന കേസില്‍ നാലുവര്‍ഷമായി ജയിലിലായിരുന്ന പിതാവിനെ വെറുതെവിട്ട് കോടതി.മുഹമ്മദ് അലി നൗഷാദ് അലി അന്‍സാരിയെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതി കുറ്റക്കാരനെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അശ്വിനി കസ്തൂരെ പറഞ്ഞു.
2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രോസിക്യൂഷന്‍ പറയുന്നത് അനുസരിച്ച്, അന്‍സാരിയും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. 2021 ജൂണ്‍ 25-ന് അന്‍സാരി എലിവിഷം ഐസ്‌ക്രീമില്‍ കലര്‍ത്തി തന്റെ മൂന്ന് മക്കള്‍ക്കും കൊടുക്കുകയായിരുന്നു. കുട്ടികളെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ മാത്രമാണ് രക്ഷിക്കാനായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലുദിവസത്തിന് ശേഷം കുട്ടികളില്‍ ഒരാള്‍ മരിച്ചു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ ഭാര്യ തയ്യാറായില്ല. മകന്‍ മരിച്ചത് വിഷം ഉളളില്‍ചെന്നാണെന്നും അവര്‍ സമ്മതിച്ചില്ല. അമ്മ നല്‍കിയ പണം കൊണ്ട് ജെല്ലി മിഠായി വാങ്ങിക്കഴിച്ചെന്നും കളിച്ചുകൊണ്ടിരിക്കെയാണ് തങ്ങള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതെന്നുമാണ് ഇവരുടെ മകള്‍ കോടതിയില്‍ പറഞ്ഞത്. അച്ഛന്‍ ഐസ്‌ക്രീം വാങ്ങിത്തന്നിട്ടില്ലെന്നും ആ സമയത്ത് അച്ഛന്‍ വീട്ടില്‍പ്പോലും ഇല്ലായിരുന്നുവെന്നും മകള്‍ പറഞ്ഞു. ഇതോടെയാണ് അന്‍സാരിക്കെതിരായ കേസ് ദുര്‍ബലമായത്.
മെഡിക്കല്‍ പരിശോധനയിലെ വീഴ്ചയും കേസ് ദുര്‍ബലമാകാനുളള മറ്റൊരു കാരണമായി കോടതി ചൂണ്ടിക്കാട്ടി. വിഷബാധ സ്ഥിരീകരിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഗാസ്ട്രിക് ലാവേജ് സാമ്പിള്‍ ശേഖരിച്ചില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞു. ഇതോടെ റാറ്റോള്‍ വിഷബാധ മൂലമാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കാനായില്ല. ദൃക്സാക്ഷികളോ വിശ്വസനീയമായ തെളിവുകളോ മെഡിക്കല്‍ രേഖകളോ ഇല്ലാതെ കുറ്റക്കാരനെന്ന് തെളിയിക്കാനാവില്ലെന്നും കുട്ടിയുടെ പിതാവിനെ വെറുതെ വിടുകയാണെന്നും കോടതി വ്യക്തമാക്കി.



