ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയ കേസ്.. കുറ്റസമ്മതം നടത്തി ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ..

‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിന്റെ ഉടമയും നടൻ കൃഷ്‌ണകുമാറിന്റെ മകളുമായ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കുറ്റം സമ്മതിച്ച് സ്ഥാനത്തിലെ മുൻ ജീവനക്കാരികൾ. ഇവരെ കടയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിന്റെ സമയത്താണ് ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിച്ചത്. ഇതുവരെ 40 ലക്ഷത്തിൻ്റെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് പണം മൂന്ന് ജീവനക്കാരും പങ്കിട്ടെടുത്തു. ഈ പണം സ്വർണ്ണം വാങ്ങാനായി ഉപയോഗിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. തട്ടിപ്പ് നടത്തിയ പണം കൊണ്ട് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

തന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരായിരുന്ന മൂന്ന് പേർക്കെതിരെയായിരുന്നു ദിയയുടെ പരാതി. ഇവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മുൻ ജീവനക്കാരുടെ ബാങ്ക് രേഖകൾ.

Related Articles

Back to top button