മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസ്; കുറ്റപത്രം വൈകുന്നതിൽ രൂക്ഷവിമർശനവുമായി കോടതി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. മൂന്നര വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതി ഫര്‍സിന്‍ മജീദിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച സംഭവത്തിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

2022 ജൂണ്‍ 13ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ‘നിന്നെ ഞങ്ങള്‍ വെച്ചേക്കില്ല’ എന്ന് ആക്രോശിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കടുത്തേക്ക് പാഞ്ഞടുത്തുവെന്നാണ് കേസ്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

വധശ്രമം, ഔദ്യോഗിക കുറ്റനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനീകരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലായിരുന്നു കേസ്. വ്യോമയാന നിയമത്തിലെ വകുപ്പ് 3(1) (എ) പ്രകാരം കുറ്റം ചുമത്തണമെങ്കില്‍ കേന്ദ്ര അനുമതി വേണം. ഈ അനുമതി ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് എന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം. അതേസമയം ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്തിനകത്ത് വെച്ച് മര്‍ദിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിരുന്നു.

Related Articles

Back to top button