മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്;പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു..

മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി എഡിറ്ററുമായ ഷാജൻ സ്കറിയെ ആക്രമിച്ച കേസിൽ പിടിയിലായ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് നേതൃത്വം നൽകിയ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് പിന്നാലെ മുങ്ങിയ പ്രതികളെ ബംഗളുരുവിൽ എത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. സംഘം സഞ്ചരിച്ച ഥാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു.

ശനിയാഴ്ച ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ഷാജൻ സ്കറിയക്ക് നേരെ അതിക്രമം ഉണ്ടായത്. തൊടുപുഴയിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സംഘത്തെ ബംഗളുരുവിൽ വെച്ചാണ് പോലീസ് പിടികൂടിയത്. അതിക്രമത്തിന് നേതൃത്വം നൽകിയ മാത്യൂസ് കൊല്ലപ്പള്ളി, ഷിയാസ് കൊന്താലം ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഘത്തിലെ അഞ്ചാമന് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്. നിലവിൽ ഇവർക്കെതിരെ വധശ്രമം, സംഘംചേർന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഷാജനെ ആക്രമിച്ചതിന് തൊട്ടുപുറകേ, മാത്യൂസ് കൊല്ലപ്പളളി സമൂഹ മാധ്യമങ്ങളിലിട്ട കുറിപ്പ് പ്രതികളെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചു. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തിരുന്നു. പ്രതികളെ മുഴുവനും ഷാജൻ സ്കറിയ തിരിച്ചറിയുകയും ചെയ്തു.

വ്യക്തിപരമായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഷാജൻ സ്കറിയയുടെ യാത്രാവിവരങ്ങൾ കൃത്യമായി മനസ്സിലാക്കി ആസൂത്രിതമായി നടത്തിയ അക്രമണമെന്നാണ് വിവരം. ഷാജൻ സ്കറിയ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പറ്റാത്തതിനാൽ അദ്ദേഹത്തെ കായികപരമായി നേരിടാൻ ഉള്ള ശ്രമമാണ് നടന്നതെന്ന് വിഷയത്തിൽ അദ്ദേഹം തന്നെ പ്രതികരിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെങ്കിലും പാർട്ടിക്ക് ഈ സംഭവവുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് വിവരം. മാത്യൂസ് കൊല്ലപ്പള്ളിക്ക് ഷാജൻ സ്കറിയയോടെയുള്ള വ്യക്തി വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് സിപിഎം ജില്ലാ നേതാക്കളുടെ വിശദീകരണം.

Related Articles

Back to top button