കാർ വീട്ടുമുറ്റത്ത്…. പെട്രോൾ അടിച്ചത് മലപ്പുറത്ത്….. വ്യാജ നമ്പർ പ്ലേറ്റ് തട്ടിപ്പിൽ കുടുങ്ങി എറണാകുളം സ്വദേശി

കൊച്ചി: സ്വന്തം കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് തട്ടിപ്പുകാർ വിലസുന്നതിന്റെ ആശങ്കയിലാണ് എറണാകുളം മുണ്ടംവേലി സ്വദേശി അലൻ. അലന്റെ കാർ നമ്പർ ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം അടിച്ച ശേഷം പണം നൽകാതെ തട്ടിപ്പ് സംഘം മുങ്ങുന്നതായാണ് പരാതി.
ഏപ്രിൽ മൂന്നിനാണ് അലനെ തേടി ആദ്യമായി മലപ്പുറത്തെ ഒരു പെട്രോൾ പമ്പിൽ നിന്നും ഫോൺ കോൾ എത്തുന്നത്. കാറിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോയല്ലോ എന്നായിരുന്നു ചോദ്യം. എന്നാൽ തന്റെ കാർ വീട്ടിലുണ്ടായിരുന്ന സമയത്താണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്ന് അലൻ തിരിച്ചറിഞ്ഞു. ഉടൻ തന്നെ പോലീസിനും ആർടിഒയ്ക്കും പരാതി നൽകിയെങ്കിലും തട്ടിപ്പ് തുടരുകയാണ്.
ആദ്യ പരാതിക്ക് പിന്നാലെ ഇക്കഴിഞ്ഞ ശനിയാഴ്ചയും മലപ്പുറത്തെ മറ്റൊരു പമ്പിൽ നിന്നും സമാനമായ പരാതിയുമായി വിളി വന്നു. അലന്റെ കാറിന്റെ അതേ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു വാഹനമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. വ്യാജ നമ്പർ ഉപയോഗിച്ച് ഇന്ധനം അടിക്കുന്ന സംഘം പണം നൽകാതെ അതിവേഗം കടന്നുകളയുകയാണ് പതിവ്. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിലാണ് അലന്റെ പ്രതിഷേധം. വ്യാജ നമ്പർ ഉപയോഗിച്ച് ഇനിയും വലിയ തട്ടിപ്പുകളോ അപകടങ്ങളോ നടന്നാൽ താൻ പ്രതിക്കൂട്ടിലാകുമോ എന്ന ഭയത്തിലാണ് ഈ യുവാവ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് അലന്റെ ആവശ്യം.



