തുറവൂരില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.. ആറു മാസം മുന്‍പ് വാങ്ങിയ കാര്‍ കത്തി ചാമ്പലായി…

ആലപ്പുഴയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തനിയെ തീപിടിച്ചു. കരിഞ്ഞ മണം വരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രികര്‍ വേഗം പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാര്‍ഡ് ചള്ളിയില്‍ വീട്ടില്‍ അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള പുത്ചതന്‍ മാരുതി സുസുക്കി ഇഗ്‌നിസ് കാറാണ് കത്തിയത്.അനന്ദുവും കുടുംബവും പാണാവള്ളിയില്‍ ഒരു മരണ വീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.
തുറവൂര്‍- തൈക്കാട്ടുശ്ശേരി റോഡിലാണ് സംഭവം നടന്നത്.അനന്ദുവാണ് വാഹനം ഓടിച്ചിരുന്നത്. അച്ഛന്‍ അശോകനും അമ്മ പുഷ്പലതയും വണ്ടിയിലുണ്ടായിരുന്നു. വാഹനത്തില്‍ നിന്നും പ്രത്യേക തരം കരിഞ്ഞ മണം അനുഭവപ്പെട്ട ഉടനെ വാതില്‍ തുറന്ന് മൂവരും പുറത്ത് ചാടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാര്‍ ഭൂരിഭാഗവും കത്തിനശിച്ചു. വാഹനത്തിന്റെ മുന്‍ ഭാഗത്ത് നിന്നാണ് തീപിടിച്ചത്. കാറിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തി അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. കുത്തിയതോട് പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തീപിടിക്കാനുള്ള കാരണം ഇത് വരെ വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു