ബിജെപി ജില്ലാ കമ്മിറ്റികള്‍ക്ക് വന്‍ ഓഫര്‍..കാറും ഓഫീസ് തുറക്കാനുള്ള ചെലവും നല്‍കുന്നത്..
പുതുതായി രൂപവത്കരിച്ച ബിജെപി ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന കമ്മിറ്റി കാർ വാങ്ങിനൽകും. ഇങ്ങനെയുള്ള 16 ജില്ലാ കമ്മിറ്റികൾക്കും ഓഫീസ് തുറക്കാനുള്ള ചെലവും സംസ്ഥാന കമ്മിറ്റി വഹിക്കും. സംസ്ഥാന കോർ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.
പാർട്ടി ശക്തിപ്പെടുത്തുന്നതിനായി റവന്യൂ ജില്ലകളെ മൂന്നും നാലും സംഘടനാജില്ലകളാക്കുന്ന രീതി ദേശീയതലത്തിൽ ബിജെപിക്കുണ്ട്. രണ്ടാം കാറ്റഗറിയിലുള്ള കേരള ഘടകത്തെ മൂന്നാം കാറ്റഗറിയിലേക്ക് ഉയർത്തിയതിനെ തുടർന്ന് 14 ജില്ലാ കമ്മിറ്റികളെ 30 എണ്ണമായി വിഭജിക്കുകയായിരുന്നു. റവന്യൂ ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ജില്ലാ കമ്മിറ്റികൾക്ക് നേരത്തേതന്നെ വാഹനവും ഓഫീസുമുണ്ട്. പുതിയ ജില്ലാ കമ്മിറ്റികൾക്ക് ഓഫീസ്, വാഹനസൗകര്യം എന്നിവയുടെ അഭാവം പറഞ്ഞപ്പോൾതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുൻകൈയെടുത്താണ് നടപടിയെടുത്തത്. ജില്ലാതല നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ആദ്യ ഓൺലൈൻ യോഗത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റ് ടാസ്കുകൾ നൽകിയിരുന്നു. കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ജില്ലാതലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ഉടൻ തുടങ്ങണമെന്ന് അദ്ദേഹം ജില്ലാ പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓരോ ഘടകത്തിനും ടാർഗറ്റ് നൽകിയതായും പറയുന്നു.
ജില്ലാ കമ്മിറ്റി ഓഫീസുകളിൽ 15-ന് ഹെൽപ്പ് ഡെസ്ക് തുടങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലാതല സംഘടനായാത്രയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം വിലയിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഹെൽപ്പ് ഡെസ്കിനായി ജില്ലാ കമ്മിറ്റി ഓഫീസുകളിൽ ഒരു മുറി, രണ്ട് സ്മാർട്ട് ഫോൺ, രണ്ട് കംപ്യൂട്ടർ, ഇൻറർനെറ്റ് സംവിധാനം, പ്രിൻറർ, സ്കാനർ എന്നിവ ഉടൻ ക്രമീകരിക്കണമെന്നാണ് ജില്ലാ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഹെൽപ്പ് ഡെസ്ക് കൈകാര്യം ചെയ്യുന്നവർക്ക് സംസ്ഥാനതലത്തിൽ 10-നുമുൻപ് ശില്പശാല നടത്താനും തീരുമാനിച്ചിട്ടുണ്ട്