ലോറിയിൽ നിന്ന് ആഡംബര കാർ പുറത്തിറക്കുന്നതിനിടെ അപകടം.. കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം…
ലോറിയിൽ നിന്നും ആഡംബര കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവർ യാർഡിലാണ് സംഭവം.ഷോറൂം ജീവനക്കാരനായ റോഷനാണ് മരിച്ചത്. കാർ ഇറക്കിയ ആൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു.
പതിവുപോലെ യാർഡിലേക്ക് കാറിറക്കാനെത്തിയതായിരുന്നു മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ. ഒപ്പം കാർ ഇറക്കാനെത്തിയ യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷും. കോടികൾ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് കാർ ഡ്രൈവറായ അൻഷാദ് റിവേഴ്സ് ഗിയറിൽ ഇറക്കാൻ തുടങ്ങിയതും നിയന്ത്രണം നഷ്ടപ്പെട്ടു. താഴെ നിർദേശം നൽകാൻ നിന്നിരുന്ന റോഷനും അനീഷിനും നേരെ കാർ പാഞ്ഞെത്തി. അപകടമെന്ന് മനസിലാക്കും മുൻപ് റോഷന്റെ മേൽ കാർ കയറി ഇറങ്ങി. കാർ വീണ്ടും പിന്നോട്ട് നീങ്ങി യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിയും റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളിലും ഇടിച്ചുനിന്നു.
റോഷനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു.