ഒളിവിലായിരുന്ന യുവാവ് പിടിയിൽ; ആള്‍താമസമില്ലാത്ത വീട്ടിൽ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത് ….

ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ മാഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി പുത്തന്‍പുരയില്‍ സുബൈറി(44)നെയാണ് നാദാപുരം ഡിവൈ എസ്പി കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച്ചക്ക് മുന്‍പാണ് കുറ്റ്യാടി ഊരത്ത് കമ്മനത്താഴയിലുള്ള സുബൈറിന്റെ വീട്ടില്‍ നിന്ന് 34. 186 കിലോ കഞ്ചാവ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണം കര്‍ശനമാക്കിയതോടെ കേസിലെ മുഖ്യകുറ്റാരോപിതനായിരുന്ന ഇയാള്‍ മാഹിയിലെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു. കുറ്റ്യാടിയിലും, പരിസര പ്രദേശങ്ങളിലും വിതരണത്തിനായി ലക്ഷങ്ങള്‍ മുടക്കിയാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.




