ആക്രിക്കടയ്ക്ക് സമീപം കഞ്ചാവ് കൈമാറ്റം…. 1.20 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കുകൾക്കിടയിലും ആലപ്പുഴയിൽ പോലീസിന്റെ മിന്നൽ പരിശോധന. ചന്തിരൂരിൽ 1.20 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി പിടിയിലായി. ചന്തിരൂരിലെ ചെമ്മീൻ സംസ്കരണ ശാലയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹർഥൻ മാതോയാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ജാർഖണ്ഡിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മറ്റ് അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ വലയിലാക്കുകയായിരുന്നു.
കഴിഞ്ഞ 7 മാസമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇതോടൊപ്പം തന്നെ സമീപത്തെ സംസ്കരണ ശാലകളിലെ തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾക്കും അറസ്റ്റിനും സാധ്യതയുണ്ടെന്ന് ഇൻസ്പെക്ടർ വിപിൻദാസ് അറിയിച്ചു. സബ് ഇൻസ്പെക്ടർ ഗീതു മോൾ, പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത് പി ആർ, രതീഷ് എം, ടെൽസൻ, അമൽ പ്രകാശ്, ശ്യാംജിത്ത്, അനൂപ്, ലിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



