‘മുറുക്കാന്‍ കടയില്‍ നിന്നാണ് ഞങ്ങൾ വാങ്ങിയത്’.. വർണക്കടലാസിൽ പൊതിഞ്ഞ 125 ഗ്രാം കഞ്ചാവ് മിഠായികളുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ…
വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സംഭവത്തിൽ ഗുഡല്ലൂര്‍ ടൗണ്‍ സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. മുറുക്കാൻ കടയിൽ നിന്നാണ് കുട്ടികൾ മിഠായി വാങ്ങിയത്. വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. കറുത്ത കളറിലുള്ള കോട്ടിങ് ഉള്ള മിഠായിൽ ഉള്ളിൽ കഞ്ചാവായിരുന്നു. വര്‍ണ കടലാസില്‍ പൊതിഞ്ഞ 125 ഗ്രാം വരുന്ന കഞ്ചാവ് മിഠായികളാണ് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ചെക്ക്‌പോസ്റ്റില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി യിലുണ്ടായിരുന്ന അസിസ്റ്റന്റ്‌റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മുസ്തഫ ചോലയിലും സംഘവുമാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. ഇരുവരും മഞ്ചേരിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പ്രതികളുടെ മൊഴി പ്രകാരം കടയില്‍ മഞ്ചേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും കഞ്ചാവ് മിഠായികള്‍ പിടികൂടുകയായിരുന്നു.
മിഠായികളുടെ ലേബലില്‍ ഛത്തിസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേല്‍വിലാസമാണ് ഉള്ളത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായികള്‍ പരിശോധനക്കായി കോഴിക്കോട് റീജനല്‍ ലബോറട്ടറിയിലേക്ക് അയച്ചു. പ്രതികളെയും തൊണ്ടി സാധനങ്ങളും കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ എക്‌സൈസ് റേഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മുമ്പും ഈ പെട്ടി കടയിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടികൂടിയിട്ടുണ്ട്.



