കോ-ഓപറേറ്റീവ് ബോർഡ് പരീക്ഷയിൽ പിഴവ്? ഉദ്യോഗാർത്ഥികൾക്ക് നൽകിയത് സീൽ പൊട്ടിച്ച ചോദ്യപേപ്പർ
കോ-ഓപറേറ്റീവ് ബോർഡ് പരീക്ഷയിൽ പിഴവെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. പരീക്ഷ എഴുതാൻ വന്നവർക്ക് നൽകിയത് സീൽ പൊട്ടിച്ച ചോദ്യപേപ്പറെന്നാണ് ആരോപണം. കോഴിക്കോട് ചെറുവണ്ണൂർ എക്‌സാം സെന്ററിലാണ് സംഭവം. ഇതോടെ, ആശങ്കയിലായ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർച്ച നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഈ മാസം 12-ന് നടത്തിയ കോ-ഓപറേറ്റീവ് ബോർഡിന്റെ ജൂനിയർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് പിഴവെന്ന ആരോപണം ഉയർന്നത്. എക്‌സാം സെന്ററിലെത്തിച്ചത് സീൽ പൊട്ടിച്ച ചോദ്യപേപ്പറായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗാർത്ഥികളോട് ചോദ്യപേപ്പർ എണ്ണത്തിൽ കുറവെന്നാണ് എക്‌സാമിനർ നൽകിയ മറുപടി. എന്നാൽ, കൃത്യമായ മറുപടി കിട്ടിയിലെന്നാണ് ഉദ്യോഗാർത്ഥികളുടെ പറയുന്നത്. ചോദ്യപേപ്പറുകളിൽ കുറവ് വന്നത് എങ്ങനെയെന്നും ഒഎംആർ ഷീറ്റുൾപ്പടെ മറ്റ് സെന്ററുകളിൽ നിന്ന് എത്തിച്ചത് എങ്ങനെയെന്നും ഉദ്യോഗാർത്ഥികൾ ആരാഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്ന ഉദ്യോഗാർത്ഥികൾ കോ-ഓപറേറ്റീവ് ബോർഡ് സെക്രട്ടറിക്ക് പരാതി നൽകിട്ടുണ്ട്. കോ-ഓപറേറ്റീവ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നാണ് പരാതിയിലെ ഉള്ളടക്കം.