നേതാക്കള്‍ക്കൊപ്പം പത്രികയുമായി എത്തി; വോട്ടര്‍ പട്ടികയില്‍ പേരില്ല!; നിരാശയോടെ സിപിഎം സ്ഥാനാര്‍ത്ഥി…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടതോടെ പത്രിക നല്‍കാനാവാതെ മടങ്ങി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശില്‍പ ദാസിനാണ് പത്രിക നല്‍കാനാവാതെ മടങ്ങേണ്ടിവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു ശില്‍പ ദാസ്‌.

ഇന്ന് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഭരണാധികാരിക്ക് മുന്നില്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ത്ഥി വോട്ടറല്ലെന്ന് സിപിഎമ്മും സ്ഥാനാര്‍ത്ഥിയും അറിയുന്നത്. ഇതോടെ പത്രിക സമര്‍പ്പണം നടത്താനാവാതെ നിരാശരായി മടങ്ങി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കൊച്ചിന്‍ എയര്‍പോര്‍ട്ട് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച് എത്തിയതായിരുന്നു ഈ 23 കാരി. പ്രചരണത്തിനായി വീടുകയറുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളിലൂടെ തരംഗം തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മോ സ്ഥാനാര്‍ത്ഥിയോ വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എന്ന് ഉറപ്പാക്കുന്നത് മറന്നതാണ് വിനയായത്.

കരട് വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ആന്തൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയതില്‍ പ്രാദേശിക ഘടകത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാടും സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ആന്തൂര്‍ നഗരസഭയിലെ ബക്കളം ഡിവിഷനിലേക്കുള്ള ജബ്ബാര്‍ ഇബ്രാഹിമിനെയാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാറ്റിയത്.

Related Articles

Back to top button