കുട്ടികളിലെ കാൻസർ.. ശ്രദ്ധിക്കണം ഈ 7 ലക്ഷണങ്ങൾ…

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന രോഗമാണ് കാൻസർ. പീഡിയാട്രിക് കാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഏത് പ്രായത്തിൽ ഉള്ളവരുടെയും കാൻസർ രോഗം ചികിത്സിച്ച് മാറ്റാൻ സാധിക്കും. ആഗോളതലത്തിൽ കാൻസർ കേസുകളിൽ ഏകദേശം 3% മാത്രമാണ് കുട്ടികളിൽ ഉള്ള കാൻസർ.

കുട്ടികളിൽ ഉണ്ടാവുന്ന ചില രോഗ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാം.ഇവയാണ് ആ ലക്ഷണങ്ങൾ.

തുടർച്ചയായ പനി

കുട്ടികളിലെ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ചികിത്സയോട് പ്രതികരിക്കാത്ത പതിവിലും കൂടുതൽ സമയം നീണ്ടുനിൽക്കുന്ന പനി. ആവർത്തിച്ചുള്ള അണുബാധയും വർധിച്ചുവരുന്ന ക്ഷീണവും കുട്ടിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ വിദ​ഗ്ധ ചികിത്സ തേടണം.

ശരീരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചതവ്, രക്തസ്രാവം, വിളർച്ച

കുട്ടികളുടെ ശരീരത്തിൽ പലപ്പോഴും കളികൾക്കിടയിൽ ചതവുകൾ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവോ, ചെറിയ ചുവപ്പ്/പർപ്പിൾ പാടുകൾ (പെറ്റീഷ്യ) എന്നിവ കാൻസർ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്. സ്ഥിരമായി കുഞ്ഞുങ്ങൾക്കുണ്ടാവുന്ന വിളർച്ചയും കാൻസറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

ശരീരത്തിലെ വീക്കവും മുഴകളും

ശരീരത്തിൽ ഏതെങ്കിലും രീതിയിലുള്ള മുഴയോ വീക്കമോ ഉണ്ടെങ്കിൽ പരിശോധന നടത്തണം. പ്രത്യേകിച്ച് കഴുത്ത്, നെഞ്ച്, ഇടുപ്പ് എന്നിവിടങ്ങളിൽ വളരുകയോ നിലനിൽക്കുകയോ ചെയ്യുന്ന മുഴകളുണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതുണ്ട്. വേദന ഇല്ലെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. വയറിലെ മുഴകൾ വിൽംസ് ട്യൂമർ പോലുള്ള രോ​ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

അസ്ഥി വേദന

കാലുകളിലോ കൈകളിലോ സ്ഥിരമായി വേദനിക്കുന്നുവെന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. ഇത്തരം വേദനകൾ ഓസ്റ്റിയോസാർക്കോമ, ഇവിംഗ് സാർക്കോമ എന്നീ രോ​ഗാവസ്ഥയാകാൻ സാധ്യതയുണ്ട്.

തലവേദന, ആവർത്തിച്ചുള്ള ഛർദി

രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദനയോ, ഛർദിയോ ഉണ്ടാകുന്നത് കാൻസറിന്റെ ലക്ഷണങ്ങളാകാം. തലച്ചോറിൽ പ്രഷർ കൂടുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങൾ

പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക, കണ്ണ് പുറത്തോട്ട് തള്ളുക(proptosis) എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഒരുപക്ഷേ റെറ്റിനോബ്ലാസ്റ്റോമ ആയിരിക്കാം.

ശരീര ഭാരം കുറയുന്നത്

വളരെ പെട്ടെന്ന് കുട്ടികളുടെ ശരീരഭാരം കുറയുകയും അവർ ഭക്ഷണം കഴിക്കാൻ വിസ്സമ്മതിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. രാത്രി വിയർക്കുന്നതും ശരീര ഭാരം പെട്ടെന്ന് കുറയുന്നതും ലിംഫോമയുടെ ലക്ഷണങ്ങളാകാം.

Related Articles

Back to top button