‘കാനഡയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വരനെ തേടുന്നു’.. അമ്മയും മകളുമൊരുക്കിയ കെണിയിൽ പെട്ടത്..
വിവാഹവും കാനഡയില്‍ സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് പഞ്ചാബില്‍ ഏഴ് പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയില്‍നിന്നുള്ള സ്ത്രീയും അവരുടെ കാനഡയില്‍ താമസിക്കുന്ന മകള്‍ ഹര്‍പ്രീതും ചേര്‍ന്നാണ് കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള വിവാഹത്തട്ടിപ്പ് നടത്തിയത്.
ലുധിയാന സ്വദേശിയായ സുഖ്ദര്‍ശന്‍ കൗര്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം പഞ്ചാബ് പോലീസിന്റെ പിടിയിലായി. തട്ടിപ്പിനായി ഇവര്‍ 24-കാരിയായ മകളുടെ ഫോട്ടോസും വീഡിയോകളും ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ഇരകളായ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍നിന്ന് മൊഴിയെടുത്തതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ പുരുഷന്മാരെ തേടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവാഹ പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം തന്റെ മകള്‍ കാനഡയിലെ സറേയില്‍ വര്‍ക്ക് പെര്‍മിറ്റില്‍ താമസിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
വിശ്വാസം നേടിയെടുക്കുന്നതിനായി, മകളെ വീഡിയോ കോളുകളില്‍ ബന്ധപ്പെടുത്തി കൊടുക്കുമായിരുന്നു. വ്യാജ വിവാഹനിശ്ചയ ചടങ്ങുകളും സംഘടിപ്പിക്കും. ചിലപ്പോള്‍ മധുരപലഹാരങ്ങളും ആചാരങ്ങളുമായി നേരിട്ടും മറ്റു ചിലപ്പോള്‍ ഓണ്‍ലൈനായുമായിരുന്നു ഈ ചടങ്ങുകള്‍. ഹര്‍പ്രീതിന്റെ ഫോട്ടോ ഫ്രെയിമുകള്‍ സ്ഥാപിച്ചും ചടങ്ങ് നടത്തിയിരുന്നു.
മകളെ വിദേശത്തയച്ചതിലൂടെ ഒരുപാട് കടങ്ങളുണ്ടെന്ന് വിവാഹത്തിനായി എത്തുന്ന പുരുഷന്‍മാരുടെ കുടുംബത്തെ അറിയിക്കും. തുടര്‍ന്ന് ഓരോ കുടുംബത്തില്‍ നിന്നും 20 ലക്ഷം രൂപവരെ ആവശ്യപ്പെടും. കാനഡയില്‍ സ്ഥിര താമസമാക്കുന്നത് ചൂണ്ടിക്കാട്ടി വിലപേശലും നടത്തിയിരുന്നു. വിശ്വാസം നേടിയെടുക്കാന്‍ ബാങ്ക് ട്രാന്‍സ്ഫറുകളായിരുന്നു നടത്തിയിരുന്നത്.