ക്നാനായ സഭയ്ക്ക് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ല…ഹൈക്കോടതി

കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് സ്വസമുദായ വിവാഹ രീതി പിന്തുടരുന്നതെന്ന ക്നാനായ കത്തോലിക്കാ സഭയുടെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ് ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് നിരീക്ഷിച്ചാണ് നടപടി. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത്. ജനനം വഴി ലഭിച്ച അംഗത്വം റദ്ദാക്കാന്‍ സഭയ്ക്ക് അധികാരമില്ല. ക്നാനായ സഭാ വിശ്വാസികളും ഇതര കത്തോലിക്കാ സഭകളും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാര്‍ത്ഥനകളും കൂദാശകളും ഒരുപോലെയാണ്. സ്വസമുദായ വിവാഹരീതി മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വസമുദായ വിവാദം കീഴ്വഴക്കം മാത്രമാണെന്ന് വത്തിക്കാന്‍ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.



